ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്; അനുസ്മരണ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും

Update: 2025-07-18 02:26 GMT

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം 'ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം' രാവിലെ 9നു പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിക്കും. 10നു സമ്മേളനം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി 'സ്മൃതിതരംഗ'ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ 'ശ്രുതിതരംഗം' പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം. പൊതുസമ്മേളനത്തിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തും. ഡിസിസി, മണ്ഡലം, വാര്‍ഡ് തലങ്ങളിലും അനുസ്മരണ പരിപാടികള്‍ ഇന്നു സംസ്ഥാനവ്യാപകമായി നടക്കും.

പുതുപ്പള്ളിയിലെ പരിപാടിക്കുശേഷം വൈകിട്ട് 3നു തിരുവനന്തപുരം വഴുതക്കാട്ടെ 'അഞ്ജന'ത്തിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ കെ ആന്റണിയെ സന്ദര്‍ശിച്ചശേഷം രാഹുല്‍ വിമാനത്താവളത്തിലെത്തി നാലോടെ മടങ്ങും.