സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണതോത് ഉയരുന്നു; മൂന്നിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തിയ മൂന്നു സ്ഥലങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോന്നി, ചെങ്ങന്നൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കൊട്ടാരക്കര, ചങ്ങനാശേരി, കളമശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യുവി സൂചിക ഉയരുന്നത് സൂര്യാതാപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് പകല്‍ പത്തു മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണി വരെയുള്ള സമയത്താണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ രേഖപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് വെയിലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണം.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, മല്‍സ്യത്തൊഴിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മറയ്ക്കുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്. യാത്രയ്ക്കിടെ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മലയോര പ്രദേശങ്ങള്‍, ഉഷ്ണമേഖല മേഖലകള്‍, ജലാശയങ്ങള്‍, മണല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ യുവി സൂചിക സാധാരണയായി കൂടുതലായിരിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ഉയരുമെന്നാണ് പ്രവചനം. സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി വരെ കൂടുതലായിരിക്കും.
