കീവ്: പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം ഇസ്രായേലില്‍ നിന്നും ലഭിച്ചെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുഎന്‍ പൊതുസഭയില്‍ സംസാരിച്ച ശേഷം മടങ്ങുമ്പോഴാണ് സെലന്‍സ്‌കി ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യക്കെതിരായ യുഎസ്-പാശ്ചാത്യ ഗൂഡാലോചനയാണ് ഇതോടെ വെളിപ്പെട്ടത്. '' കഴിഞ്ഞ ഒരു മാസമായി പാട്രിയറ്റ് സംവിധാനം യുക്രൈയ്‌നില്‍ പ്രവര്‍ത്തിക്കുന്നു. വരും ദിവസങ്ങളില്‍ രണ്ട് സംവിധാനങ്ങള്‍ കൂടി എത്തും.''-സെലന്‍സ്‌കി പറഞ്ഞു. അതേസമയം, യൂറോപ്യന്‍ രാജ്യങ്ങളുടെ സഖ്യമായ നാറ്റോയേയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും ആക്രമിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവറോവ് പറഞ്ഞു.
ഉയരങ്ങളില്‍ പറക്കുന്ന വിമാനങ്ങളെയും ബാലിസ്റ്റിക് മിസൈലുകളെയും മറ്റും തകര്‍ക്കാന്‍ 1980കളിലാണ് യുഎസ് പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം രൂപീകരിച്ചത്. 68 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ഇതിന്റെ മിസൈലുകള്‍ക്ക് കഴിയും. ഒരു സമയം 50 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും അഞ്ചെണ്ണത്തെ ആക്രമിക്കാനും കഴിയും. 24 കിലോമീറ്റര്‍ ഉയരത്തിലും ഇത് പ്രവര്‍ത്തിക്കും. ഒരു പാട്രിയറ്റ് പ്രതിരോധ സംവിധാനത്തിന് ഏകദേശം 100 കോടി യുഎസ് ഡോളര്‍ വിലവരും. നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, ജപ്പാന്‍, ഇസ്രായേല്‍, സൗദി അറേബ്യ, കുവൈത്ത്, ഗ്രീസ്, സ്‌പെയ്ന്‍, തെക്കന്‍ കൊറിയ, യുഎഇ, ഖത്തര്‍, റുമാനിയ, സ്വീഡന്‍, പോളണ്ട്, ബഹ്‌റൈന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് ഇത് യുഎസ് നല്‍കുകയും ചെയ്തു. ഇപ്പോള്‍ ഇതിനെ പുതുക്കാനുള്ള പദ്ധതികള്‍ നടന്നുവരുകയാണ്. നിലം തൊട്ടുപറക്കുന്ന ഡ്രോണുകളും മറ്റും ഉപയോഗിച്ചാണ് റഷ്യ യുക്രൈനെ ആക്രമിക്കുന്നത് എന്നതാണ് കാരണം. ഇത്തരം ഡ്രോണുകളെ തടയാന്‍ പാട്രിയറ്റ് സംവിധാനത്തിന് സാധിക്കില്ല.
