യുകെയില്‍ ജോലി ചെയ്യാന്‍ ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍
ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്നതിനായി ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ വ്യക്തമാക്കി. നിയമവിരുദ്ധ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി. പുതിയ നിയമം അടുത്ത വര്‍ഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍.
നിയമവിരുദ്ധമായി യുകെയില്‍ ജോലി ചെയ്യുന്നവരെ ഇത് ബാധിച്ചേക്കുമെങ്കിലും പൗരന്മാര്‍ക്കും നിയമാനുസൃതമായി ജോലി ചെയ്യുന്നവര്‍ക്കും പദ്ധതി നിരവധി ഗുണങ്ങള്‍ നല്‍കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. വ്യക്തിയുടെ പേര്, ജനനതീയതി, ദേശീയത, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഐഡി ഫോണിലോ മറ്റേതെങ്കിലും ഡിജിറ്റല്‍ ഉപകരണത്തിലോ സൂക്ഷിക്കാം.
ഐഡി കൈവശം വെക്കുന്നതും ഹാജരാക്കേണ്ടതും നിര്‍ബന്ധമല്ലെങ്കിലും യുകെയില്‍ ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള മാര്‍ഗമായി ഡിജിറ്റല്‍ ഐഡി ആവശ്യമായിരിക്കും. സ്മാര്‍ട്ട്ഫോണ്‍ ഇല്ലാത്തവര്‍ക്കുപോലും പ്രയോജനപ്പെടുത്താനാകുന്ന രീതിയില്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
''സുരക്ഷിതമായ അതിര്‍ത്തിയും നിയന്ത്രിത കുടിയേറ്റവും ന്യായമായ ആവശ്യങ്ങളാണ്. നമ്മുടെ രാജ്യത്ത് ആരാണ് ഉള്ളത് എന്ന് നമ്മള്‍ അറിയണം. ഡിജിറ്റല്‍ ഐഡി സംവിധാനം നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്താനും അതിര്‍ത്തികളെ സുരക്ഷിതമാക്കാനും സേവനങ്ങള്‍ അതിവേഗത്തില്‍ നല്‍കാനും സഹായിക്കും,'' സ്റ്റാമര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
