യുവതിയെ അടിമയാക്കി; യുഎന്‍, ഉഗാണ്ട ഹൈക്കോടതി മുന്‍ ജഡ്ജിക്ക് ആറു വര്‍ഷം തടവ്

Update: 2025-05-03 07:38 GMT

ലണ്ടന്‍: യുവതിയെ അടിമയാക്കി ജോലി ചെയ്യിച്ച യുഎന്‍, ഉഗാണ്ട മുന്‍ ഹൈക്കോടതി ജഡ്ജിക്ക് ആറു വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലിഡിയ മുഗാംബെ എന്ന ജഡ്ജിക്കെതിരേയാണ് വിധി. യുകെ കുടിയേറ്റ നിയമം ലംഘിക്കാന്‍ ഗൂഢാലോചന നടത്തുക, ഒരാളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കുക, വിചാരണയ്ക്ക് ശേഷം സാക്ഷിയെ ഭീഷണിപ്പെടുത്താന്‍, ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്.

2022ല്‍ യുകെയിലേക്ക് വീട്ടുജോലിക്കാരിയായി ജോലി ചെയ്യാനും ശമ്പളമില്ലാതെ കുട്ടികളെ പരിപാലിക്കാനും വേണ്ടി ഒരു ഉഗാണ്ടന്‍ യുവതിയെ മുഗാംബെ വീട്ടിലെത്തിക്കുകയായിരുന്നു. ആ സമയത്ത് മുഗാംബെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് പഠിക്കുകയായിരുന്നു.

ലണ്ടനിലെ ഉഗാണ്ട ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്ന ജോണ്‍ ലിയോനാര്‍ഡുമായി ചേര്‍ന്ന്,ഇരയെ ബ്രിട്ടനിലേക്ക് എത്തിക്കാന്‍ ഗൂഢാലോചന നടത്തിയതിനും മുഗാംബെയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

'വളരെ ദുഃഖകരമായ കേസ്' എന്നാണ് കോടതി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. മുഗാംബെയുടെ നിയമപരമായ നേട്ടങ്ങളില്‍ മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചതും ഉള്‍പ്പെടുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള ഒന്ന് ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: