ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ
ന്യൂഡല്‍ഹി: മറ്റൊരാളുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി എടുക്കുന്നത് വിലക്കിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. പല ഘട്ടങ്ങളിലും അവശ്യമായി വരുന്ന ആധാര്‍ കാര്‍ഡിനെ ജീവിതത്തില്‍ പലപ്പോഴും നാം കൂടെ കൊണ്ടുനടക്കാറുണ്ട്. ഹോട്ടലുകള്‍, പരിപാടികളിലെ സംഘാടകര്‍, സമാന സ്ഥാപനങ്ങള്‍ എന്നിവര്‍ ആധാര്‍ കാര്‍ഡുകളുടെ ഫോട്ടോ കോപ്പികള്‍ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും തടയുന്നതിനായി പുതിയ നിയമം ഉടന്‍ കൊണ്ടുവരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ)സിഇഒയുടെ വെളിപ്പെടുത്തല്‍ പ്രകാരം മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഇനിമുതല്‍ ഫോട്ടോകോപ്പി എടുത്തുവെക്കാന്‍ പാടില്ല. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ വൈകാതെ എല്ലായിടത്തും കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം ക്യൂആര്‍ കോഡ് സ്‌കാനിങ് വഴിയോ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വെരിഫിക്കേഷന്‍ അനുവദിക്കുമെന്നാണ് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ അറിയിച്ചത്. പേപ്പര്‍ അധിഷ്ഠിത ആധാര്‍ വെരിഫിക്കേഷന്‍ നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം. രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും ഉടന്‍ കൊണ്ടുവരും.
'ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാറിന്റെ ഫോട്ടോകോപ്പി ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷയെയാണ് ബാധിക്കുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നുപോകുമോയെന്ന് ഭയക്കുന്നയാളുകളും ധാരാളമാണ്. അവരുടെ ഭയം ഇല്ലാതാക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നന്ന്' ഭുവനേഷ് കുമാര്‍ വ്യക്തമാക്കി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഫോട്ടോകോപ്പിയെടുക്കുന്ന ആളുകള്‍ക്കും കമ്പനികള്‍ക്കുമെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ആധാര്‍ വെരിഫിക്കേഷനിനായി പുതിയ ആപ്പ് നിര്‍മിക്കുന്നതിനായുള്ള പരിശ്രമത്തിലാണ് യുഐഡിഎഐ. ഉപയോക്താക്കളുടെ ഓരോ ഇടപാടുകളിലും ആധാറുമായി ബന്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇത് ഇല്ലാതാക്കും. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്തൃ സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിര്‍മാണം. പതിനെട്ട് മാസത്തിനുള്ളില്‍ ആപ്പ് പൂര്‍ണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതമാക്കുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകും.

