ന്യൂഡല്‍ഹി: 2025 ഡിസംബറില്‍ നടന്ന യുജിസി നെറ്റ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കാന്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്ക് (എന്‍ടിഎ) നിര്‍ദേശം നല്‍കി. ഹിസ്റ്ററി പേപ്പറില്‍ ചോദ്യങ്ങളിലും ഉത്തരസൂചികയിലും പിഴവുണ്ടെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവിട്ടത്. ഹിസ്റ്ററി പേപ്പറില്‍ ഒന്‍പത് ചോദ്യങ്ങളിലും രണ്ടു വിവര്‍ത്തനങ്ങളിലും പിഴവുണ്ടെന്നായിരുന്നു പ്രധാന ആരോപണം. പ്രൊവിഷണല്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നുവെങ്കിലും ഫെബ്രുവരി നാലിന് ഫലം പ്രഖ്യാപിക്കുമ്പോള്‍ അത് പരിഗണിച്ചില്ല.
ഉദ്യോഗാര്‍ഥിയായ കാര്‍ത്തിക കാഹോള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരസൂചികയിലെ പിഴവ് കാരണം രണ്ടു മാര്‍ക്കിന്റെ കുറവില്‍ ജെആര്‍എഫ് നഷ്ടമായതായി ഹരജിക്കാരന്‍ ബോധിപ്പിച്ചു. ഇത് അംഗീകരിച്ച കോടതി ഹരജിക്കാരന്‍ രണ്ടു മാര്‍ക്ക് അധികമായി നല്‍കാന്‍ നിര്‍ദേശം നല്‍കി. ഇതോടെ ഹതജിക്കാരന്‍ ജെആര്‍എഫിന് അര്‍ഹനായി.
ജസ്റ്റിസ് സന്ദീപ് കുമാര്‍ ശര്‍മ്മ നാലാഴ്ചയ്ക്കകം വിദഗ്ധ സമിതി രൂപീകരിക്കണമെന്നും തുടര്‍ന്ന് പരാതികള്‍ പരിശോധിച്ച് അടുത്ത നാലാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു. ഹിസ്റ്ററി പേപ്പറില്‍ മാത്രം 60,777 പേര്‍ പരീക്ഷ എഴുതിയിരുന്നു. വിദഗ്ധ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാഫലം പുനപരിശോധിക്കാന്‍ സാധ്യതയുണ്ട്. ഓരോ ചോദ്യവും ചാലഞ്ച് ചെയ്യുന്നതിനായി 200 രൂപ വീതം ഈടാക്കിയിട്ടും ഉദ്യോഗാര്‍ഥികളുടെ പരാതികള്‍ ശാസ്ത്രീയമായി പരിശോധിച്ചില്ലെന്ന ആരോപണം എന്‍ടിഎയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
