ഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്

Update: 2025-06-23 08:02 GMT
ഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്

തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാമതും അധികാരത്തിലെത്തിയ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വിജയിച്ചത് യുഡിഎഫ്. അവര്‍ മൂന്നു സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുകയും നിലമ്പൂര്‍ പിടിച്ചെടുക്കുകയും ചെയ്തു. ചേലക്കര മാത്രമാണ് എല്‍ഡിഎഫിന് നിലനിര്‍ത്താനായത്.

തൃക്കാക്കര മണ്ഡലം

2022 മേയ് 31നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പി ടി തോമസ് മരിച്ചതിനെത്തുടര്‍ന്ന് ഒഴിവു വന്ന സീറ്റില്‍ ഭാര്യ ഉമാ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. എല്‍ഡിഎഫിലെ ജോ ജോസഫ് ആയിരുന്നു എതിര്‍സ്ഥാനാര്‍ഥി. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിച്ചു.

പുതുപ്പള്ളി മണ്ഡലം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് 2023 സെപ്റ്റംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു.സിപിഎമ്മിലെ ജെയ്ക് സി തോമസായിരുന്നു മുഖ്യ എതിരാളി. 37,719 വോട്ടിന് ചാണ്ടി ഉമ്മന്‍ വിജയിച്ചു.

ചേലക്കര മണ്ഡലം

ചേലക്കര എംഎല്‍എ ആയിരുന്ന മുന്‍മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍നിന്ന് പാര്‍ലമെന്റ് അംഗമായതോടെയാണ് സീറ്റ് ഒഴിവു വന്നത്. സിപിഎം. സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,122 വോട്ടിന് കോണ്‍ഗ്രസിലെ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി.

പാലക്കാട് മണ്ഡലം

ഷാഫി പറമ്പില്‍ വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു 2024 നവംബര്‍ 20ന് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ സിപിഎം സ്വതന്ത്രനായി മത്സരിച്ച ഡോ. പി സരിനെ 18,198 വോട്ടിന് പരാജയപ്പെടുത്തി.

Similar News