യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിയമനടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Update: 2026-03-25 10:38 GMT

കായംകുളം: യുഡിഎഫ് നേതാവ് എ ഇര്‍ഷാദിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ യു പ്രതിഭ. സ്ത്രീകളെ കാണേണ്ടത് ശരീരത്തിന്റെ അളവുകോല്‍ കൊണ്ടല്ലെന്ന് അവര്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേക്ക് വരികയാണെന്നുള്ള അധിക്ഷേപ പരാമര്‍ശമാണ് യുഡിഎഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരി പറഞ്ഞത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഇര്‍ഷാദ് ചക്കാലശ്ശേരി യു പ്രതിഭക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

അതേസമയം, യു പ്രതിഭക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ മുഖ്യമന്ത്രി അപലപിച്ചു. പൊതുപ്രവര്‍ത്തകയായ ഒരു വനിതയെ അധിക്ഷേപ വാക്കുകള്‍ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ തകര്‍ച്ചയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: