ഉദയകുമാര്‍ ഉരുട്ടിക്കൊല; പോലിസുകാരെ വിട്ടയച്ചതിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

Update: 2026-04-17 11:39 GMT

ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടതിനെതിരേ സുപ്രിംകോടതിയില്‍ സിബിഐ അപ്പീല്‍ സമര്‍പ്പിച്ചു. ഫോര്‍ട്ട് പോലിസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടര്‍ന്നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടതെന്നും, പ്രതികള്‍ പോലിസുകാരായതിനാല്‍ ശിക്ഷ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ അപ്പീല്‍. പ്രതികളായ നാല് പോലിസുകാരെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐയുടെ അപ്പീലില്‍ പ്രതികളായ പോലിസുകാര്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.

സ്റ്റേഷനില്‍ ഉദയകുമാറിനെ പോലിസുകാര്‍ ഉരുട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും ഹൈക്കോടതിയാണ് വെറുതെ വിട്ടത്. അന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി. കേസിലെ ഒന്നാം പ്രതിയായ ജിതകുമാര്‍ കെ, നാല് മുതല്‍ ആറ് വരെ പ്രതികളായ ടി അജിത് കുമാര്‍, ഇ കെ സാബു, ടി കെ ഹരിദാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരേയാണ് സിബിഐ സുപ്രിംകോടതിയെ സമീപിച്ചത്. ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉള്‍പ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്.

കൊലക്കുറ്റം, ക്രൂരമര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരേ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച മുന്‍ എസ്പിമാരായ ഇ കെ സാബു, ടി കെ ഹരിദാസ്, അന്ന് എസ്‌ഐയിയായിരുന്ന ടി അജിത്കുമാര്‍ എന്നിവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഉദയകുമാര്‍ കൊല്ലപ്പെട്ട് ഇരുപതാം വര്‍ഷത്തിലാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമായ കസ്റ്റഡി പീഡനമാണെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകള്‍ ഉദയകുമാറിന്റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്നാണ് സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടതെന്നും, പ്രതികള്‍ക്ക് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നുവെന്നും സിബിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജസ്റ്റിസ് മാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് സിബിഐയുടെ അപ്പീലില്‍ നോട്ടീസ് അയച്ചത്.

2005 സെപ്തംബര്‍ 27നാണ് ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പോലിസുകാര്‍ മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയത്. ഉച്ചയോടെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് സുഹൃത്ത് സുരേഷ് കുമാറിനൊപ്പമാണ് ഉദകുമാറിനെ കസ്റ്റഡിയിലെടുത്തത്. അന്നത്തെ ഫോര്‍ട്ട് സിഐ ഇ കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ളവരായിരുന്നു പോലിസുകാര്‍. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് പോലിസുകാരുടെ മൂന്നാം മുറ പ്രയോഗത്തില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

വഴിയരികില്‍ പരിക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പോലിസുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു. ഉദയകുമാറിന്റെ ശരീരത്തില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് ഉരുട്ടിയതിന്റെയും അടിച്ചതിന്റേയും 22 ഗുരുതര പരിക്കുകള്‍ കണ്ടെത്തി. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പോലിസുകാര്‍ ചേര്‍ന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. സോമന്‍ വിചാരണക്കിടെ മരിച്ചു. ആദ്യം ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.