ഊബറിന്റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി ഗിഗ് തൊഴിലാളികള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ടാക്‌സി കുത്തകയായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ ആപ്പ് ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബര്‍ ഡ്രൈവര്‍മാര്‍ക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കില്‍ പങ്കുചേരും.
മിനിമം ടാക്‌സി നിരക്ക് പ്ലാറ്റ്‌ഫോമില്‍ നടപ്പിലാക്കണമെന്നും തൊഴിലാളികള്‍ ആവശ്യമുന്നയിച്ചു. പ്രതിദിന സബ്‌സ്‌ക്രിപ്ഷന്‍ തുക (165) കുറയ്ക്കണം, അക്കൗണ്ടുകള്‍ ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ രാവിലെ 10നു സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
മൂന്നു ദിവസം ഊബര്‍ ആപ്പ് പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ ആക്കുമെന്നും യാത്രാക്ലേശം ഒഴിവാക്കാന്‍ 'കേരള സവാരി' വഴി സര്‍വീസ് നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സംയുക്ത സമിതിയുടേതാണ് ആഹ്വാനം ഇതൊടൊപ്പം സൊമാറ്റോ, സ്വിഗ്ഗി, ആമസോണ്‍ തൊഴിലാളികളും പണിമുടക്കും. ഫെബ്രുവരി 17 മുതല്‍ 19 വരെ സംസ്ഥാനവ്യാപകമായി ഊബര്‍ ആപ്പ് ബഹിഷ്‌കരിക്കാനാണ് തീരുമാനം. സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ റാലി നടക്കും. സംഗമം പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പണിമുടക്ക് ദിവസങ്ങളില്‍ പൊതുജനങ്ങളുടെ യാത്രാക്ലേശം കണക്കിലെടുത്ത് സര്‍ക്കാര്‍ സംവിധാനമായ 'കേരള സവാരി' ആപ്പ് വഴി സര്‍വീസ് നടത്താന്‍ തൊഴിലാളികള്‍ തീരുമാനിച്ചിട്ടുണ്ട്.
