യുഎഇയുടെ 'എമിറേറ്റ്‌സ് മാര്‍സ് മിഷന്‍' 2028 വരെ ദീര്‍ഘിപ്പിച്ചു

Update: 2026-02-18 10:06 GMT

ദുബയ്: യുഎഇയുടെ ചൊവ്വാ ദൗത്യമായ എമിറേറ്റ്‌സ് മാര്‍സ് മിഷന്‍ 2028 വരെ ദീര്‍ഘിപ്പിച്ചതായി യുഎഇ സ്‌പേസ് ഏജന്‍സി ചെയര്‍മാന്‍ ഡോ. അഹമ്മദ് ബെല്‍ഹോള്‍ അല്‍ ഫലാസി അറിയിച്ചു. മൂന്നു വര്‍ഷത്തെ ദീര്‍ഘിപ്പിക്കല്‍ വഴി ചൊവ്വയുടെ താഴ്ന്ന അന്തരീക്ഷവും മുകളിലുള്ള അന്തരീക്ഷവും തമ്മിലുള്ള സങ്കീര്‍ണബന്ധം കൂടുതല്‍ ആഴത്തില്‍ പഠിക്കാനും കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

മിഷന്റെ ഭാഗമായി വിക്ഷേപിച്ച 'ഹോപ്പ്' പ്രോബ് 2021ല്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചിരുന്നു. ഇതോടെ ചൊവ്വയിലെത്തുന്ന ആദ്യ അറബ് രാഷ്ട്രമെന്ന നേട്ടം യുഎഇ സ്വന്തമാക്കി. 200ലധികം എമിറാത്തി വനിതാപുരുഷ എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന് ഏകദേശം 50 ലക്ഷം മണിക്കൂര്‍ പരിശ്രമിച്ചാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. അറബ് ലോകത്തിനും ആഗോള ശക്തികളോടൊപ്പം ശാസ്ത്രസാങ്കേതിക രംഗത്ത് മല്‍സരിക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്റ് കൂടിയായ ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. ചൊവ്വയുടെ കാലാവസ്ഥാ ചക്രങ്ങളെക്കുറിച്ചുള്ള സമഗ്ര പഠനമാണ് മിഷന്റെ പ്രധാന ഉദ്ദേശ്യമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: