നീതിന്യായ രംഗത്തെ ഡിജിറ്റല്‍ പരിഷ്‌കരണത്തിന് യുഎഇ മാതൃകയെന്ന് അറബ് പാര്‍ലമെന്റ്

Update: 2025-11-11 10:42 GMT

ദുബയ്: യുഎഇയുടെ നീതിന്യായ മേഖലയിലെ നിര്‍മിത ബുദ്ധി (എഐ) പ്രയോഗവും ഡിജിറ്റല്‍ പരിഷ്‌കരണത്തിനുള്ള മുന്നേറ്റങ്ങളും അഭിനന്ദിച്ച് അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ യമ്മാഹി. അറബ് യൂണിയന്‍ ഓഫ് അഡ്മിനിസ്ട്രേറ്റീവ് ജുഡീഷ്യറിയുടെ നാലാമത് അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഎഇ നീതിന്യായ മന്ത്രാലയം, അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ദുബയ് കോടതികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടപ്പാക്കിയ നവീന ഡിജിറ്റല്‍ പദ്ധതികളാണ് സ്മാര്‍ട്ട് ജസ്റ്റിസ് എന്ന ആശയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. വെര്‍ച്വല്‍ കോടതികള്‍, സ്മാര്‍ട്ട് കേസ് മാനേജ്‌മെന്റ് സിസ്റ്റങ്ങള്‍ തുടങ്ങിയ പരിഷ്‌കരണങ്ങള്‍ നീതിന്യായ മേഖലയില്‍ കാര്യക്ഷമതയും സൗകര്യവും ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു.

നീതിന്യായ സംവിധാനത്തില്‍ നിര്‍മിത ബുദ്ധി പ്രയോഗിക്കുന്നതില്‍ അറബ് ലോകത്തിനിടയില്‍ യുഎഇയ്ക്കാണ് ഏറ്റവും മുന്നിലായ അനുഭവസമ്പത്തെന്നും അല്‍ യമ്മാഹി വ്യക്തമാക്കി. നീതിന്യായ മേഖലയിലെ നിര്‍മിത ബുദ്ധിയുടെ പ്രായോഗിക വിനിയോഗത്തില്‍ യുഎഇ സ്വീകരിച്ച മാതൃക അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ടെന്നും, ഇത് അറബ് ലോകത്തിനപ്പുറം മറ്റു രാജ്യങ്ങള്‍ക്കും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: