ഇസ്രായേലി അംബാസിഡറുടെ മോശം പെരുമാറ്റത്തില്‍ പരാതിയുമായി യുഎഇ

Update: 2025-08-01 15:15 GMT

അബൂദബി: ഇസ്രായേലി അംബാസിഡറുടെ മോശം പെരുമാറ്റത്തില്‍ പരാതിയുമായി യുഎഇ. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളൊന്നും പാലിക്കാത്തയാളാണ് അംബാസിഡര്‍ യോസ്സി ഷെല്ലിയെന്നും എമിറാത്തി സുരക്ഷാ ഉദ്യോഗസ്ഥരുമായി തട്ടിക്കയറുകയാണെന്നും യുഎഇ ഇസ്രായേലിനോട് പരാതിപ്പെട്ടു. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസിലെ മുന്‍ ഡയറക്ടര്‍ ജനറലായ യോസി ഷെല്ലി മൂന്നു തവണയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.


യോസി ഷെല്ലി, ഇസ്രായേലി എംബസിയില്‍ നിന്നും വൈകീട്ട് പുറത്തുപോവുമ്പോള്‍ എമിറാത്തി ഉദ്യോഗസ്ഥര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. അത് പാലിക്കാതെയാണ് ഒരിക്കല്‍ തട്ടിക്കയറിയത്. ഒരുതവണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയില്‍ നിന്നും ഒരാളെ വിളിച്ച് കാറില്‍ കയറ്റുകയുമുണ്ടായി. ദുബൈയിലെ ഒരു ബാറില്‍ വച്ച് മദ്യപിച്ചു ബഹളമുണ്ടാക്കുകയും ചെയ്തു. യോസി ഷെല്ലിയുടെ സ്വഭാവം അംഗീകരിക്കാനാവാത്തതാണെന്നാണ് യുഎഇ ഇസ്രായേലിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, യുഎഇയില്‍ നിന്നും നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളെ ഇസ്രായേല്‍ നീക്കി തുടങ്ങിയിട്ടുണ്ട്. സുരക്ഷാഭീഷണിയുണ്ടെന്നാണ് വിലയിരുത്തല്‍.