'വൈപ്പര്‍' മാല്‍വെയര്‍ ഭീഷണി; ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍

Update: 2026-03-16 11:23 GMT

ദുബയ്: ഡാറ്റ മുഴുവനായും ഇല്ലാതാക്കി കമ്പ്യൂട്ടര്‍ സംവിധാനങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന 'വൈപ്പര്‍' മാല്‍വെയറിനെതിരേ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. ഡാറ്റ മായ്ച്ചുകളയുകയും സിസ്റ്റങ്ങളെ തകരാറിലാക്കുകയും ചെയ്യുന്ന അപകടകാരിയായ സോഫ്റ്റ്‌വെയറുകളിലൊന്നാണ് വൈപ്പര്‍ മാല്‍വെയറെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.

ഉപയോക്താക്കളുടെയും സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ സൈബര്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും കൗണ്‍സില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യക്തികളും സ്ഥാപനങ്ങളും പാലിക്കേണ്ട നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തിറക്കി.

വ്യക്തികള്‍ സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യണമെന്നും സംശയാസ്പദമായ ലിങ്കുകളും വിശ്വാസമില്ലാത്ത ഫയലുകളും തുറക്കാതിരിക്കണമെന്നും നിര്‍ദേശിച്ചു. അതോടൊപ്പം പ്രധാനപ്പെട്ട ഡാറ്റയുടെ സ്ഥിരമായ ബാക്കപ്പ് സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ വേര്‍തിരിച്ചുള്ള (ഐസൊലേറ്റഡ്) ബാക്കപ്പ് സംവിധാനം ഒരുക്കുകയും അവ പതിവായി പരിശോധിക്കുകയും വേണം. കൂടാതെ ആക്‌സസ് അനുമതികള്‍ കര്‍ശനമായി നിയന്ത്രിക്കുകയും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.

Tags: