മെഡിക്കല്‍-നഴ്‌സിങ് ക്ലിനിക്കല്‍ പരിശീലനത്തിന് ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍; യുഎഇ പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചു
ദുബയ്: മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പരിശീലനം ഏകീകരിക്കുകയും ഗുണമേന്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനായി യുഎഇ സര്‍ക്കാര്‍ പുതിയ ദേശീയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ-ശാസ്ത്രീയ ഗവേഷണ മന്ത്രാലയം അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വകലാശാലകളും ആരോഗ്യസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് ലക്ഷ്യമിടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.അക്കാദമിക് പഠനവും ആരോഗ്യ മേഖലയുടെ തൊഴില്‍ വിപണി ആവശ്യകതകളും തമ്മില്‍ ഏകോപനം ഉറപ്പാക്കുന്ന ദേശീയ ചട്ടക്കൂടാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ഇതുവഴി തൊഴില്‍സന്നദ്ധതയുള്ള, പ്രാവീണ്യമുള്ള ആരോഗ്യപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്താനും അക്കാദമിക്-പ്രായോഗിക പരിശീലന സംയോജനത്തിന് വഴിയൊരുക്കാനും പുതിയ ചട്ടങ്ങള്‍ സഹായകരമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-ശാസ്ത്രീയ ഗവേഷണ നിയന്ത്രണ, ഭരണവിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇബ്രാഹിം ഫിക്രി പറഞ്ഞു. ഭാവിയിലെ ആരോഗ്യ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സമഗ്ര വിദ്യാഭ്യാസ-ആരോഗ്യ സംവിധാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരുടെ വികസനത്തിനായി ശക്തമായ ദേശീയ ചട്ടക്കൂട് സൃഷ്ടിക്കുന്നതില്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ണായകമാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്‍ഡ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ തൊഴില്‍സന്നദ്ധത ഉറപ്പാക്കുക, രോഗികളുടെ സുരക്ഷ, പ്രൊഫഷണല്‍ ഉത്തരവാദിത്വം, കഴിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള പരിശീലനം നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മാര്‍ഗനിര്‍ദേശങ്ങളെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സ്വാഗതം ചെയ്തു. ആശുപത്രികളിലും മറ്റ് ആരോഗ്യസ്ഥാപനങ്ങളിലും പ്രായോഗിക പരിശീലനത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ ഇത് നിര്‍ണായക ചുവടുവയ്പ്പാകുമെന്ന് ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹൂഖാനി പറഞ്ഞു. ഏകീകൃത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഘടിത പരിശീലനം വിദ്യാര്‍ഥികളുടെ പ്രൊഫഷണല്‍ തയ്യാറെടുപ്പ് ഗണ്യമായി വര്‍ഗിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ യോഗ്യതാ ചട്ടക്കൂടിന് കീഴില്‍ ക്ലിനിക്കല്‍ പരിശീലനം നിര്‍ബന്ധമായ എല്ലാ ബിരുദതല ആരോഗ്യ കോഴ്‌സുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും. എന്നാല്‍ ബിരുദാനന്തര ബിരുദ ഇന്റേണ്‍ഷിപ്പുകളും റസിഡന്‍സി പരിശീലനങ്ങളും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

