മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റില്‍ മരണസംഖ്യ 59 ആയി. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. മരിച്ചവരില്‍ ആറുസൈനികരും ഉള്‍പ്പെടുന്നു. ദുരിതബാധിത പ്രവിശ്യകളില്‍ മാനുഷിക സഹായം നല്‍കുന്നതിനായി പോകുന്നതിനിടെ, തെക്കന്‍ അഗുസാന്‍ ഡെല്‍ സുര്‍ പ്രവിശ്യയിലാണ് അഞ്ച് ഉദ്യോഗസ്ഥരുമായി പോയിരുന്ന ഫിലിപ്പൈന്‍ വ്യോമസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചു.
നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 13 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. മധ്യ ഫിലിപ്പീന്‍സ് പ്രവിശ്യയായ സെബുവിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 2.4 ദശലക്ഷത്തിലധികമാണ് സെബുവിലെ ജനസംഖ്യ. നേരത്തെ വടക്കന്‍ സെബുവില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 79 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഈ ദുരന്തവും ഉണ്ടായത്. ചുഴലിക്കാറ്റ് മൂലമുണ്ടായ പേമാരിയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന് ആക്കം കൂട്ടി. പല മേഖലകളിലും വെള്ളപ്പൊക്കം രൂക്ഷമായി. വീടുകള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തില്‍ നിരവധി പേര്‍ വീടിന്റെ മേല്‍ക്കൂരകളില്‍ കുടുങ്ങി. നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
തെക്കന്‍ ലുസോണിന്റെയും വടക്കന്‍ മിന്‍ഡാനാവോയുടെയും ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ വിസയാസ് മേഖലയിലുടനീളം 2 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു.ഈ വര്‍ഷം ഫിലിപ്പൈന്‍ ദ്വീപസമൂഹത്തില്‍ നാശം വിതച്ച ഇരുപതാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് കല്‍മേഗി. പടിഞ്ഞാറന്‍ ദ്വീപ് പ്രവിശ്യയായ പലാവനിലെ ലിനാപാക്കാന്‍ തീരദേശ ജലത്തിന് മുകളിലാണ് ബുധനാഴ്ച പുലര്‍ച്ചെ കല്‍മേഗി വീശിയത്. ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുന്ന കല്‍മേഗി വെള്ളിയാഴ്ച വിയറ്റ്‌നാം തീരത്തെത്തുമെന്നാണ് വിവരം.