ഒറ്റരാത്രികൊണ്ട് വീശിയടിച്ച ഫങ്-വോങ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം, രണ്ടുമരണം
ഇസബേല: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഒറ്റരാത്രികൊണ്ട് വീശിയടിച്ച ഫങ്-വോങ് ചുഴലിക്കാറ്റില്‍ രണ്ടുമരണം. നിലവില്‍ പ്രദേശത്തെ 10 ലക്ഷം ആളുകളെ ഒഴിപ്പിച്ചു. രാത്രി മുഴുവനുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വിവധ ഇടങ്ങളില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി.
ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ ചുഴലിക്കാറ്റ് നീങ്ങുന്നുണ്ടെന്നും ശേഷം ഇത് വടക്കുകിഴക്ക് ദിശയിലേക്ക് തായ്വാനിലേക്ക് നീങ്ങുമെന്നും സംസ്ഥാന കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ഇപ്പോഴും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നും തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച മുതല്‍ 400ലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അറിയിച്ചു. ഈ വര്‍ഷം ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച 21ാമത്തെ കൊടുങ്കാറ്റാണ് ഫങ്-വോങ്. കഴിഞ്ഞയാഴ്ച ഫിലിപ്പീന്‍സില്‍ 224 പേരുടെയും വിയറ്റ്‌നാമില്‍ അഞ്ച് പേരുടെയും ജീവന്‍ അപഹരിച്ച ടൈഫൂണ്‍ കല്‍മേഗിക്ക് തൊട്ടുപിന്നാലെയാണ് ഫങ്-വോങ് ആഞ്ഞടിച്ചത്.