വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവം; കേസെടുത്ത് പോലിസ്

Update: 2026-04-05 03:30 GMT

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ വാടകവീട്ടില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ കേസെടുത്ത് പോലിസ്. വാടക വീട്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേരാണ് മരിച്ചത്. വീട് വാടകയ്ക്കെടുത്ത വിഷ്ണുവിനെതിരെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുന്ദമംഗലം പോലിസ് കേസെടുത്തത്. വിഷ്ണുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ആളുകളെ കൂട്ടി അനധികൃതമായി സ്ഫോടക വസ്തുക്കള്‍ നിര്‍മിച്ച് സൂക്ഷിച്ച് വെക്കുകയും, മരണം ഉണ്ടാക്കുകയും ചെയ്തതിനാണ് കേസ്.

അപകടസമയത്ത് അഞ്ചുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വിഷ്ണു പോലിസിനോട് പറഞ്ഞു. വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്‌ക്കെടുത്തത്. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ തുടരുന്ന സിമി ഒന്നരമാസം ഗര്‍ഭിണിയാണ്.

രാമനാട്ടുകര പാറമ്മല്‍ മഠത്തില്‍ പറമ്പില്‍ രാഹുല്‍(26), കോഴിക്കോട് മുണ്ടിക്കല്‍ത്താഴം പുതിയോട്ടുമേത്തല്‍ രാഹുല്‍(27)എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മരിച്ച മുണ്ടിക്കല്‍ത്താഴം സ്വദേശി രാഹുലിന്റെ സഹോദരന്‍ വിഷ്ണു(28), ഭാര്യ കോട്ടയം പാലാ സ്വദേശിനി സിമി(27) എന്നിവര്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനമുണ്ടായത്.