കോഴിക്കോട്: വില്‍പ്പനക്കായി സൂക്ഷിച്ച 0.70 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കുന്ദമംഗലം പോലിസ് അറസ്റ്റ് ചെയ്തു. പാഴൂര്‍ സ്വദേശി നാരകശ്ശേരി വീട്ടില്‍ അന്‍വര്‍ (33), വെള്ളലശ്ശേരി സ്വദേശി കുഴിക്കര വീട്ടില്‍ ഹര്‍ഷാദ് (33) എന്നിവരെയാണ് പോലിസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെ വെള്ളലശ്ശേരി വയല്‍ ബസ് സ്റ്റോപ്പിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. പോലിസ് വാഹനം കണ്ടതോടെ സംശയകരമായ രീതിയില്‍ പിന്നിലെ സീറ്റിലേക്ക് എന്തോ ഒളിപ്പിക്കുന്നതായി കണ്ട പോലിസ് പരിശോധന നടത്തി. വാഹനത്തില്‍ നിന്നും കുഴല്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് കുപ്പി, അഞ്ച് സിപ്പ്ലോക്ക് കവറുകള്‍, കവറുകളില്‍ 0.70 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു.
ബംഗളൂരുവില്‍ നിന്നുള്ള ലഹരി മാഫിയ സംഘങ്ങളില്‍ നിന്നും വാങ്ങി കുന്ദമംഗലം, ചാത്തമംഗലം, എന്‍ഐടി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. ഓട്ടോയില്‍ വെച്ചും ലഹരി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
പ്രതി ഹര്‍ഷാദിന് നേരത്തെ തന്നെ പല പോലിസ് സ്റ്റേഷനുകളിലുമായി ലഹരി ഉപയോഗം, പൊതുസ്ഥലത്ത് മദ്യപാനം, കലഹസ്വഭാവം തുടങ്ങിയ കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ് അറിയിച്ചു. എംഡിഎംഎയുടെ വിതരണ ശൃംഖല പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നും പോലിസ് അറിയിച്ചു. എസ്‌ഐമാരായ നിധിന്‍, ബൈജു, സിപിഒ ശ്യാംകുമാര്‍ എന്നിവരാണ് പ്രതികളെപിടികൂടിയത്.
