രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം: അമ്മയും അറസ്റ്റില്‍

Update: 2025-09-27 05:57 GMT

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസില്‍ അമ്മയും അറസ്റ്റില്‍. കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ മാത്രമായിരുന്നു പ്രതിയെന്നായിരുന്നു പോലിസിന്റെ ആദ്യ നിഗമനം. എന്നാല്‍, കൂടുതല്‍ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയായ ശ്രീതുവിന്റെ പങ്കുവെളിപ്പെട്ടത്. തുടര്‍ന്ന് ശ്രീതുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ ദേവേന്ദുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹരികുമാര്‍ കുട്ടിയെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിയുകയായിരുന്നു എന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഹരികുമാറിനു തന്റെ സഹോദരിയോടുള്ള വഴിവിട്ട താല്‍പര്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് കണ്ടെത്തി. എന്നാല്‍, ശ്രീതുവാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞതെന്നാണ് ഹരികുമാര്‍ വാദിച്ചുകൊണ്ടിരുന്നത്. ഇതിന് ശേഷമുള്ള തുടരന്വേഷണത്തിലാണ് ശ്രീതുവിന്റെ പങ്ക് വെളിപ്പെട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.