വയനാട്: കളിപ്പാട്ടത്തിലെ അഞ്ച് കോയിന്‍ ടൈപ്പ് ബാറ്ററികള്‍ വിഴുങ്ങി രണ്ടു വയസുകാരന്‍. എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിക്കുന്നതിനിടെ ബാറ്ററികള്‍ വായിലിട്ടത്. ബാറ്ററികള്‍ വിഴുങ്ങുന്നത് കണ്ട വീട്ടുകാര്‍ ഉടനെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷലിസ്റ്റ് ഡോ. സൂര്യനാരായണയുടെ നേതൃത്വത്തിലാണ് എന്‍ഡോസ്‌കോപ്പിയിലൂടെ ബാറ്ററികള്‍ പുറത്തെടുത്തത്. സമയബന്ധിതമായി ചികില്‍സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതത് പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ മാത്രം കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇത്തരത്തില്‍ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും ഡോ. സൂര്യനാരായണ അഭിപ്രായപ്പെട്ടു. ഡോ. അഖില്‍, ഡോ. അഞ്ജന എന്നിവരും ചികില്‍സയില്‍ പിന്തുണ നല്‍കി.