രണ്ടുവയസ്സുകാരനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി; അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം
കൊച്ചി: രണ്ടുവയസ്സുള്ള ആണ്‍കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ സുഹൃത്ത് കൊല്ലം സ്വദേശി സുഭാഷിനെ (43) ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. പിഴ അടച്ചാല്‍ അതിന്റെ തുക കുട്ടിയുടെ അമ്മയ്ക്ക് നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2010 ഫെബ്രുവരി 25നാണ് സംഭവം. 2009ല്‍ ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിനെ തുടര്‍ന്ന് സുഹൃത്ത് സുഭാഷിനൊപ്പം ജീവിക്കാന്‍ കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയിരുന്നു. പിന്നീട് ഇരുവരും കൊച്ചിയില്‍ തിരിച്ചെത്തി തോപ്പുംപടിയിലെ ഒരു ലോഡ്ജില്‍ താമസിക്കവെയാണ് കൊലപാതകം നടന്നത്. അമ്മ ഉറങ്ങിയിരിക്കെ രാവിലെ ഏഴു മണിയോടെ കുഞ്ഞ് ആദിത്യനെ ആദ്യം പൈപ്പിന്‍ ചുവട്ടിലും തുടര്‍ന്ന് ബക്കറ്റിലും വെള്ളത്തില്‍ മുക്കിയാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അപകടമാണെന്ന നിലയില്‍ കുട്ടിയെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംശയം തോന്നിയ ഡോ. ജിജോ പോള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചു.
കുട്ടിയെ ഒഴിവാക്കി അമ്മയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രധാന സാക്ഷി കൂറുമാറിയിരുന്നെങ്കിലും സാഹചര്യ തെളിവുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സി കെ മധുസൂദനനാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇന്‍സ്‌പെക്ടര്‍ കെ സജീവാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.