ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക് മുമ്പു കാണാതായ ബിന്ദു പത്മനാഭന്റെ ഭൂമി തട്ടാന്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സി എം സെബാസ്റ്റ്യനെ സഹായിച്ചത്് രണ്ടു സ്ത്രീകളെന്ന് ക്രൈംബ്രാഞ്ച്. കടക്കരപ്പള്ളി സ്വദേശി ജയ, റുഖ്സാന എന്നിവരുടെ പങ്കാണ് വെളിപ്പെട്ടിരിക്കുന്നത്. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ വേണ്ടി ബിന്ദു പത്മനാഭന് പകരം ജയയെ ആണ് സെബാസ്റ്റ്യന്‍ രജിസ്‌ട്രേഷന്‍ ഓഫിസില്‍ ഹാജരാക്കിയത്. എന്നാല്‍, തട്ടിപ്പിന്റെ ഭാഗമായതിന് വാഗ്ദാനം നല്‍കിയ തുക സെബാസ്റ്റ്യന്‍ നല്‍കിയില്ല.
ജയയ്ക്ക് ബിന്ദുവിന്റെ പേരില്‍ വ്യാജ എസ്എസ്എല്‍സി ബുക്കും ലൈസന്‍സുമടക്കം തരപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. രജിസ്ട്രേഷന്‍ ചെയ്യുന്ന സമയത്ത് സെബാസ്റ്റ്യനും ജയയ്ക്കുമൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നതായി പലരും വ്യക്തമാക്കിയിരുന്നു. അത് റുഖ്്സാനയാണ് എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. റുഖ്സാനയ്ക്ക് ഇവരുമായുള്ള ബന്ധമെന്താണ് എന്ന് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനിരിക്കുകയാണ് ക്രൈംബ്രാഞ്ച്.