തൃശൂര്‍ റെയില്‍വേ പാര്‍ക്കിങ്ങില്‍ ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ച സംഭവം: നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Update: 2026-02-19 03:20 GMT

തൃശൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ച സംഭവത്തില്‍ നഷ്ടപരിഹാര തുക അനുവദിക്കുവാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയില്‍ നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തില്‍ നഷ്ടപരിഹാര തുക അനുവദിക്കാന്‍ റെയില്‍വേയുടെ ഭാഗത്തില്‍ നിന്ന് യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. നാല് ആഴ്ചക്കകം റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ഇത് സംബന്ധിച്ച് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ അംഗം വി ഗീത റെയില്‍വേയോട് റിപ്പോര്‍ട്ട് തേടിയത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടുവീലര്‍ പാര്‍ക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. സംഭവത്തില്‍ 500 ലധികം ഇരുചക്രവാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. പാര്‍ക്കിങ് സ്ഥലം റെയില്‍വേ കരാര്‍ വിളിച്ച് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയതാണെന്നും അതിനാല്‍ നഷ്ടപരിഹാരം റെയില്‍വേയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വേ നിലപാട് സ്വീകരിക്കുന്നു. നഷ്ടപരിഹാരതുക ഇന്‍ഷ്യുറന്‍സ് പരിരക്ഷ മുഖേന നേടി എടുക്കണമെന്നാണ് റെയില്‍വേ അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. വാഹനം കത്തി നശിച്ചവര്‍ക്ക് നഷ്ടപരിഹാരവിഹിതം നല്‍കില്ലെന്ന റെയില്‍വേയുടെ നിലപാടില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടികാട്ടുന്നു.

Tags: