ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയ: വീട്ടമ്മ മരിച്ചു, ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം
പത്തനംതിട്ട: സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണില്‍ മായയാണ് മരിച്ചത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ആദ്യത്തെ ശസ്ത്രക്രിയ തിങ്കളാഴ്ചയാണ് നടത്തിയത്. ഈ ശസ്ത്രക്രിയക്ക് ശേഷം മായക്ക് തുടര്‍ച്ചയായി ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍, ആദ്യ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കുടലില്‍ മുറിവുണ്ടായി എന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന്, ശനിയാഴ്ച ഉച്ചയ്ക്ക് മായയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. രാത്രി 8 മണിയോടുകൂടി ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍, പുലര്‍ച്ചെ നാലുമണിയോടെ മായ മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് ബന്ധുക്കള്‍ ആറന്മുള പോലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മായയുടെ ഭര്‍ത്താവ് രാജു കലപ്പമണ്ണില്‍, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. രോഗി ഏറെ സങ്കീര്‍ണകതകളിലൂടെയാണ് കടന്നുപോയത് എന്നുള്ളതാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ സങ്കീര്‍ണതകളെല്ലാം തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായും അവര്‍ പറയുന്നു.