മണിപ്പൂരില്‍ സായുധാക്രമണം; വിരമിച്ച സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരിലെ ഉഖ്രുല്‍ ജില്ലയില്‍ സായുധ സംഘം നടത്തിയ വെടിവയ്പ്പില്‍ വിരമിച്ച സൈനികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം ലിറ്റാന്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ടി എം കാസോം ഗ്രാമത്തിലാണ് സംഭവം.
ഇംഫാലില്‍ നിന്ന് ഉഖ്രുലിലേക്ക് പോകുകയായിരുന്ന സിവിലിയന്‍ വാഹനവ്യൂഹത്തിന് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ന്നത്. തഷാന്‍ ഗ്രാമത്തിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ചൈനോഷാങ് ഷോക്വങ്‌നാവോയും ഖരസോം സ്വദേശിയായ യരുയിംഗം വാഷും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
കാറിന്റെ മുന്‍സീറ്റിലിരുന്ന ചൈനോഷാങ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ മൂന്നു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. സംഭവത്തിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ് അറിയിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.