എസ്പി മോശം സന്ദേശങ്ങള്‍ അയച്ചെന്ന പരാതിയുമായി വനിതാ എസ്‌ഐമാര്‍

Update: 2025-08-24 03:47 GMT

തിരുവനന്തപുരം: മോശം സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് എസ്പിക്കെതിരെ രണ്ട് വനിതാ എസ്‌ഐമാര്‍ പരാതി നല്‍കിയതായി റിപോര്‍ട്ട്. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. പരാതി നല്‍കിയ എസ്‌ഐമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപോര്‍ട്ട് സംസ്ഥാന പോലിസ് മേധാവിക്ക് കൈമാറി. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ പോലിസ് മേധാവി നിര്‍ദേശം നല്‍കി. പിഎസ്‌സി വഴി നേരിട്ട് എസ്‌ഐ ആയി പോലിസ് സേനയില്‍ എത്തിയവരാണ് പരാതിക്കാര്‍. നേരത്തെ തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയായിരുന്ന എസ്പി ഇപ്പോള്‍ പോലിസ് ആസ്ഥാനത്താണ് പ്രവര്‍ത്തിക്കുന്നത്. ആരോപണ വിധേയന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കും.