തിരുവനന്തപുരം: വളര്‍ത്തുനായയെ കമ്പി കൊണ്ട് അടിച്ചുകൊന്ന യുവാക്കള്‍ പിടിയില്‍. പോത്തന്‍കോട് അയിരൂപ്പാറ സ്വദേശികളായ യാസീന്‍, മുഹമ്മദ് ദാരിഫ് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വെളുപ്പിനെ മൂന്നുമണിയോടെ കാട്ടായിക്കോണം ജംഗ്ഷനിലായിരുന്നു അക്രമം. ദാരിഫ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. പിന്നിലിരുന്ന യാസീനാണ് കടയുടെ മുന്നില്‍ കിടന്നിരുന്ന നായയെ കമ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. നായയുടെ ഉടമയായ കരുണാകരന്‍ പിള്ള പോത്തന്‍കോട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മിക്കപ്പോഴും ഈ നായ ഇവരെ കടിക്കാനായി ഓടിച്ചിരുന്നുവെന്നും അതിനാലാണ് അടിച്ചു കൊന്നതെന്നുമാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്.