യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി പണവും സ്വര്‍ണവും തട്ടിയവര്‍ അറസ്റ്റില്‍

Update: 2025-12-16 01:59 GMT

കൊച്ചി: ഐടി കമ്പനി തുടങ്ങാന്‍ കൊച്ചിയിലെത്തിയ യുഎസ് പൗരനെ ഹോട്ടല്‍ മുറിയില്‍ ബന്ദിയാക്കി മര്‍ദ്ദിച്ച് മോഷണം നടത്തിയ രണ്ടു പേര്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് പിടികൂടിയത്. യുഎസ് പൗരനും ന്യൂയോര്‍ക്കില്‍ ഐടി പ്രഫഷനലുമായ ഒഡീഷ സ്വദേശി ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വെള്ളിയാഴ്ചയാണ് കൊച്ചിയില്‍ എത്തിയത്. മറൈന്‍ ഡ്രൈവിലെ ഷണ്‍മുഖം റോഡിലുള്ള ഹോട്ടലിലെ 101ാം നമ്പര്‍ മുറിയിലായിരുന്നു താമസം. ശനിയാഴ്ച മദ്യം വാങ്ങാന്‍ ഇറങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ഡ്രൈ ഡേ ആയതിനാല്‍ മദ്യം ലഭിച്ചില്ല. ഈ സമയം മറൈന്‍ ഡ്രൈവ് പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്ന ആദര്‍ശ് സഹായത്തിന് എത്തുകയായിരുന്നു. തുടര്‍ന്ന് അനധികൃത മദ്യം വാങ്ങി നല്‍കിയ ആദര്‍ശും മദ്യപിക്കാന്‍ യുഎസ് പൗരനൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി. രാത്രി ഇരുവരും മദ്യപിച്ച് മുറിയില്‍ത്തന്നെ ഉറങ്ങി. ഞായറാഴ്ച രാവിലെ കോഴിക്കോട് പോകേണ്ടതിനാല്‍ യുഎസ് പൗരന്‍ ഉണര്‍ന്ന് ആദര്‍ശിനെയും വിളിച്ചുണര്‍ത്തി. ഇതിനു മുന്‍പു തന്നെ ആദര്‍ശ് സുഹൃത്തായ ആകാശിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഇതിന് പിന്നാലെ യുഎസ് പൗരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണവും സ്വര്‍ണമോതിരവും അടക്കം 3.10 ലക്ഷം രൂപയുടെ മുതലുകള്‍ കവര്‍ന്നു.