വേതന വര്‍ധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ പിരിച്ചുവിട്ടു

Update: 2026-03-09 14:12 GMT

കോഴിക്കോട്: വേതന വര്‍ധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്‌സുമാരെ പിരിച്ചുവിട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റ്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്തതിനാണ് രണ്ട് നഴ്സുമാരെ പിരിച്ചുവിടുകയും, മറ്റുള്ളവരോട് ഹോസ്റ്റല്‍ ഒഴിയാന്‍ നിര്‍ദേശം നല്‍കിയതും. നഴ്‌സുമാര്‍ എരഞ്ഞിപ്പാലം-മാവൂര്‍ റോഡ് ഉപരോധിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യുണൈറ്റഡ് നഴ്സ് അസോസിയേഷന്‍(യുഎന്‍എ)വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരേയും മറ്റു നടപടികള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് നഴ്സുമാര്‍. എന്നാല്‍ ബേബി മെമ്മോറിയല്‍ മാനേജ്‌മെന്റിന്റെ നടപടി അംഗീകരിക്കില്ലെന്നും സമരം ഹോസ്പിറ്റലിലേക്ക് മുന്നിലേക്ക് മാറ്റുമെന്നും യുഎന്‍എ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു.

രാവിലെ 10 മണിയോടെ കോഴിക്കോട് കലക്ടറേറ്റിനു മുന്നിലേക്ക് നൂറുകണക്കിന് നഴ്‌സുമാരാണ് ഒഴുകിയെത്തിയത്. അടിസ്ഥാന ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇവര്‍ പ്രഖ്യാപിച്ചു. പിരിച്ചുവിട്ടവരെ ഉടന്‍ തിരിച്ചെടുക്കണം. 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാന്‍ പറഞ്ഞ പ്രതികാര നടപടിയും പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഞങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ ഉറങ്ങുമെന്നും സമരം അവിടെ നടത്തുമെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. ബേബി മെമ്മോറിയലിലേത് ഉള്‍പ്പെടെ നാല് പ്രധാന ആശുപത്രികളിലെ നഴ്സുമാരാണ് കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്.

ഇന്ന് രാവിലെ സമരം ചെയ്യുന്ന നഴ്സുമാരില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച നഴ്സുമാരെ മാനേജ്‌മെന്റ് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പരിശീലന ക്ലാസിന്റെ പേരില്‍ വിളിച്ചു വരുത്തിയ ഇവരോട് ജോലിക്ക് കയറാന്‍ മാനേജ്മന്റ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സമരത്തിലുള്ള ഇവര്‍ അതിന് തയ്യാറാകാതിരുന്നതോടെ ഇവരെ എല്ലാം പുറത്താക്കിയതായി പറയുകയും എല്ലാവരെയും ബ്ലാക്ക് ലിസ്റ്റില്‍ ചേര്‍ക്കുമെന്നും ഒരിടത്ത് നിന്നും ജോലി കിട്ടില്ലെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് നഴ്സുമാര്‍ പറഞ്ഞു.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരാനുകൂലികളായ നഴ്‌സിങ് വിദ്യാര്‍ഥികളും ആശുപത്രി അധികൃതരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് സമരം ചെയ്ത ബേബി മെമോറിയല്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയാന്‍ നോട്ടീസ് നല്‍കി. പിന്നാലെ രണ്ടുപേരെ പിരിച്ചുവിട്ടതായുള്ള അറിയിപ്പും ലഭിച്ചു. നഴ്‌സുമാരുടെ നേതൃത്വത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആശുപത്രി മാനേജ്‌മെന്റും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ച അല്‍പസമയത്തിനകം ആരംഭിക്കും.