മനുഷ്യക്കടത്ത് ആരോപണത്തില്‍ രണ്ട് കന്യാസ്ത്രീകളെ വെറുതെവിട്ടു; സ്ത്രീകള്‍ വന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കോടതി
തൃശൂര്‍: മനുഷ്യക്കടത്ത് ആരോപണത്തില്‍ രണ്ടു കന്യാസ്ത്രീകളെ കോടതി വെറുതെവിട്ടു. ഇരകളെന്ന് പോലിസ് പറയപ്പെടുന്ന സ്ത്രീകള്‍ വീട്ടുകാരുടെ അറിവോടെയും സ്വന്തം സമ്മതത്തോടെയും ജോലിക്കായി വന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി.
2022ല്‍ ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്നു സ്ത്രീകള്‍ ഇറങ്ങിയെന്ന് പറഞ്ഞാണ് റെയില്‍വേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വീട്ടുജോലിക്കാരായി ജോലി ചെയ്യിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളൊന്നും നിയമപരമായി നിലനില്‍ക്കുന്നില്ലെന്ന് വിചാരണക്കോടതി പറഞ്ഞു.പെണ്‍കുട്ടികളെ അവരുടെ ഗ്രാമങ്ങളില്‍ നിന്ന് കൊണ്ടുവന്നത് മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയും പെണ്‍കുട്ടികളുടെ സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ചുമാണെന്ന് കോടതി കണ്ടെത്തി. ബലപ്രയോഗം, ലൈംഗിക ചൂഷണം അല്ലെങ്കില്‍ നിര്‍ബന്ധിത തൊഴില്‍ എന്നിവയ്ക്കുള്ള തെളിവുകളൊന്നും വിചാരണ വേളയില്‍ പോലിസിന് ഹാജരാക്കാനായില്ല.