എസ്‌ഐആര്‍: പശ്ചിമ ബംഗാളില്‍ രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു

Update: 2026-03-04 11:26 GMT

കൊാല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു. ജല്‍പായ്ഗുരി, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലാണ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 28നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കപ്പെട്ടതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

സൗത്ത് 24 പര്‍ഗാനാസിലെ ഘോല്‍പാറ സ്വദേശിയായ റഫീഖ് അലി ഗാസി (44) യുടെ പേര് പട്ടികയില്‍ 'അഡ്ജുഡിക്കേഷന്‍' (പരിഗണനയിലുള്ളത്) വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായിരുന്ന ഇയാളെ ഇന്നലെ രാവിലെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൗരത്വം നഷ്ടപ്പെടുമെന്ന ഭയവും നാടുകടത്തപ്പെടുമെന്ന ആശങ്കയും തൊഴിലും ജീവിതമാര്‍ഗവും നഷ്ടമാകുമെന്ന വേവലാതിയും ഇയാളെ വലയിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ജല്‍പായ്ഗുരി സ്വദേശിയായ ഗൗരംഗ ദേ (62) ആണ് മരിച്ച രണ്ടാമത്തെയാള്‍. മോമോ കച്ചവടക്കാരനായിരുന്ന ഇയാളുടെ പേര് അന്തിമ പട്ടികയില്‍ ഡിലീറ്റഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത ആശങ്കയിലായിരുന്നുവെന്ന് ഭാര്യ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ വീടിനുള്ളിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. പേര് ഒഴിവാക്കപ്പെടാന്‍ യാതൊരു കാരണവുമില്ലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Tags: