ഒഡീഷയില്‍ വിദ്യാര്‍ഥിനി തീക്കൊളുത്തി മരിച്ച സംഭവം; എബിവിപി നേതാക്കള്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ 20 വയസ്സുള്ള കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിയായ ജ്യോതി പ്രകാശ് ബിസ്വാള്‍, എബിവിപി യുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബ്ര സംബൈത് നായക് എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സമീറ കുമാര്‍ സാഹു, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്റഗ്രേറ്റഡ് ബിഎഡിന്റെ വകുപ്പ് മേധാവിക്കെതിരായ ലൈംഗിക പീഡന കേസില്‍ നീതി നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് ജൂലൈ 12 ന് വിദ്യാര്‍ഥിനി, പ്രിന്‍സിപ്പലിന്റെ റൂമിന് പുറത്തെത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ അവര്‍ ജൂലൈ 14ന് രാത്രി ഭുവനേശ്വറിലെ എയിംസില്‍ ചികില്‍സയിലിരിക്കെ മരിച്ചു.
സംഭവത്തില്‍ ഒഡീഷയിലെ ബിജെപി സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജു ജനതാദളും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി ബന്ദ് ആചരിച്ചു.
