മുഖ്യമന്ത്രിയുടെ താമസത്തിന് രണ്ട് ലക്ഷം രൂപ; ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Update: 2026-02-13 05:29 GMT

കൊച്ചി: ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയില്‍ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയില്‍ വിഐപി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ടാക്സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപ ചെലവായെന്നും നടക്കാത്ത ഭജനയുടെ പേരില്‍, നന്ദഗോവിന്ദം ഭജന്‍സിന് എട്ട് ലക്ഷം രൂപ കൊടുത്തെന്നും ബില്ലില്‍ പറയുന്നുണ്ട്. ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപ ചെലവായി. കോര്‍ണര്‍ സോഫയ്ക്ക് 65000.

പത്ത് കോടിയിലധികം രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇതുവരെ കൊടുത്ത് തീര്‍ത്തത് ആറു കോടി 64 ലക്ഷം രൂപയാണ്. ഇനി കൊടുത്ത് തീര്‍ക്കാനുള്ളത് നാല് കോടി 35 ലക്ഷം രൂപയുമാണ്. പമ്പ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികള്‍ ദേവസ്വം സ്വത്തായി മാറ്റി. എന്നാല്‍ ഇത് എങ്ങോട്ട് മാറ്റി എന്നതില്‍ വ്യക്തതയില്ല.

Tags: