തിരുവനന്തപുരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Update: 2025-12-28 15:15 GMT

തിരുവനന്തപുരം: തിരുവനന്തപുരം വക്കം ആങ്ങാവിളയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. വക്കം കായിക്കര കടവില്‍ അബി എന്ന അഫിനും വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥുമാണ് മരിച്ചത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.

നിലയ്ക്കാമുക്ക് ഭാഗത്തു നിന്നും മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിര്‍ദിശയില്‍ അബി സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ വക്കം ആങ്ങാവിളയില്‍ വച്ച് നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ തെറിച്ചുവീണു. അപകടത്തില്‍പ്പെട്ട നാലുപേരെയും നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.