ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു ഭക്ഷണശാലയില്‍ ലഘുഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറി തൊഴിലാളികളായ സത്യം, ശ്രീപാല്‍ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന അനുരാഗിന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില നിലവില്‍ ഗുരുതരമെല്ലെന്നാണ് വിവരം. ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
സത്യം, ശ്രീപാല്‍, അനുരാഗ് എന്നിവര്‍ തങ്ങളുടെ ഇ റിക്ഷ ഭക്ഷണശാലയ്ക്ക് സമീപം നിര്‍ത്തി മദ്യപിച്ചുകൊണ്ടിരിക്കെ ലഘുഭക്ഷണം ഓര്‍ഡര്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. വാക്കേറ്റം രൂക്ഷമായതോടെ ഹോട്ടല്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് കത്തി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു. സംഭവവിവരം നാട്ടുകാര്‍ പോലിസിനെ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് സംഘം മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സത്യന്റെയും ശ്രീപാലിന്റെയും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികള്‍ പോലിസ് ആരംഭിച്ചു.