കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്. പടക്ക നിര്‍മാണത്തിനിടെയുണ്ടായ അപകടമെന്നാണ് നിഗമനം. വീട്ടുടമസ്ഥന്‍ രാഹുലും സഹോദരീ ഭര്‍ത്താവുമാണ് മരണപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഷിനിയെയും ഭര്‍ത്താവ് വിഷ്ണുവിനേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സ്‌ഫോടനത്തില്‍ സമീപത്തുള്ള അഞ്ചോളം വീടുകള്‍ ബാഗികമായി തകര്‍ന്നു. വീട്ടില്‍ പടക്ക നിര്‍മ്മാണം നടന്നിരുന്നുവെന്ന വിവരം പ്രദേശവാസികള്‍ക്കറിയില്ലായിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീട്ടിനുള്ളില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. സംഭവത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.