മദ്യലഹരിയില്‍ ബിജെപി നേതാവ് ഓടിച്ച കാറിടിച്ച് രണ്ടു മരണം
മൂന്നു പേരുടെ നില ഗുരുതരം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി നേതാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ തീ കായാന്‍ ഇരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി. ബിജെപി പ്രാദേശിക നേതാവായ സുമിത് മിശ്രയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് പോലിസ് സ്ഥിരീകരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കടുത്ത തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ റോഡരികില്‍ തീ കൂട്ടി അതിനുചുറ്റും ഇരിക്കുകയായിരുന്ന സംഘത്തിലേക്കാണ് കാര്‍ അതിവേഗത്തില്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ രണ്ടു പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി മദ്യലഹരിയിലായിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുമിത് മിശ്രയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിന് കൈമാറി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി പോലിസ് അറിയിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.