കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
12 പേര്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: പയ്യാവൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റി വന്ന ലോറി മറിഞ്ഞ് വന്‍ അപകടം. ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറടക്കം 14 പേരാണ് ലോറിയിലുണ്ടായിരുന്നത്. ഇന്ന് വൈകീട്ട് പയ്യാവൂര്‍ മുത്താറിക്കുളത്തായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളില്‍ രണ്ടുപേര്‍ അടിയല്‍പ്പെടുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ലോറി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറി പൂര്‍ണമായും തകര്‍ന്നു.
കോണ്‍ക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വലിയൊരു ഇറക്കം കഴിഞ്ഞശേഷം നിരപ്പായ സ്ഥലത്തെത്തിയപ്പോള്‍ നിയന്ത്രണംവിട്ട ലോറി വൈദ്യുതപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ലോറിക്കു പിന്നില്‍ കെട്ടിയിട്ട കോണ്‍ക്രീറ്റ് മിക്‌സറും ലോറിയും മറിയുകയായിരുന്നു. നാലുപേരാണ് ലോറിക്കും കോണ്‍ക്രീറ്റ് മിക്‌സറിനും അടിയില്‍ കുടുങ്ങിയത്. മരിച്ച രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വാഹനത്തിന്റെ ഡ്രൈവറൊഴികെ മറ്റു തൊഴിലാളികളെല്ലാം ഇതര സംസ്ഥാനക്കാരാണെന്നാണ് വിവരം.
