തൊടുപുഴ: റബ്ബര്‍ ടാപ്പിംഗിനായി പുലര്‍ച്ചെ പോയ രണ്ടു പേര്‍ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു (62) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് മഞ്ചിക്കല്ല് ഒലി വിരിപ്പ് മേഖലിയിലായിരുന്നു സംഭവം.
സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സാബു റോഡിന് മുന്നില്‍ കാട്ടുപോത്തിനെ കണ്ട് വാഹനം വെട്ടിച്ചുമാറ്റിയതിനാല്‍ കൈയ്ക്ക് ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് മുന്നോട്ട് പോയപ്പോള്‍ റോഡരികില്‍ കാട്ടുപ്പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടന്ന മുരളിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മേഖലയില്‍ വന്യമൃഗ സാന്നിധ്യം വര്‍ധിച്ചതിനാല്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.