ഭക്ഷണത്തിന്റെ പേരില്‍ വിവേചനം; യുഎസിലെ രണ്ട് ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം

Update: 2026-01-15 04:59 GMT

വാഷിങ്ടണ്‍: ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട കേസില്‍ യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡറിലെ രണ്ട് ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് 200,000 ഡോളര്‍ (ഏകദേശം 1.8 കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. ആദിത്യ പ്രകാശും അദ്ദേഹത്തിന്റെ പങ്കാളിയായ ഊര്‍മി ഭട്ടാചാര്യയും ഫയല്‍ ചെയ്ത സിവില്‍ റൈറ്റ്‌സ് കേസിലാണ് സര്‍വകലാശാല ഒത്തുതീര്‍പ്പിന് തയ്യാറായത്. 2023ലെ പഠനകാലയളവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൈക്രോവേവില്‍ ആദിത്യ പ്രകാശ് ഉച്ചഭക്ഷണമായ പാലക് പനീര്‍ ചൂടാക്കിയതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനെ തുടര്‍ന്ന് വനിതാ സ്റ്റാഫ് അംഗം ഭക്ഷണത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ചൂണ്ടിക്കാട്ടി മൈക്രോവേവ് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടു. പൊതുസ്ഥലമായതിനാല്‍ മൈക്രോവേവ് ഉപയോഗിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ആദിത്യ പ്രതികരിച്ചു. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി.

സംഭവത്തില്‍ ആദിത്യയുടെ പങ്കാളിയായ ഊര്‍മി ഭട്ടാചാര്യ ഇടപെട്ട് അദ്ദേഹത്തെ പിന്തുണച്ചു. 'എന്റെ ഭക്ഷണം എന്റെ അഭിമാനമാണ്. അതിന്റെ മണം നല്ലതോ ചീത്തയോ എന്നത് സാംസ്‌കാരികമായി നിര്‍ണ്ണയിക്കപ്പെടുന്നതാണ്,' എന്നാണ് ആദിത്യ പിന്നീട് പ്രതികരിച്ചത്. എന്നാല്‍, സംഭവത്തിന് പിന്നാലെ സ്ഥാപനത്തിനകത്ത് തങ്ങള്‍ക്ക് വിവേചനവും പ്രതികാര നടപടികളും നേരിടേണ്ടിവന്നതായി ദമ്പതികള്‍ ആരോപിച്ചു. ഊര്‍മിക്ക് അധ്യാപന ചുമതലകള്‍ നഷ്ടമായതായും അവര്‍ പറഞ്ഞു.

തുടര്‍ന്ന് പിഎച്ച്ഡി ബിരുദം നല്‍കുന്നതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിച്ചതോടെയാണ് നിയമനടപടികളിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ആദിത്യ വ്യക്തമാക്കി. സര്‍വകലാശാലയ്‌ക്കെതിരേ വിവേചനവും പ്രതികാര നടപടികളും ആരോപിച്ച് ഇരുവരും സിവില്‍ റൈറ്റ്‌സ് കേസ് ഫയല്‍ ചെയ്തു. 2025ല്‍ കേസ് ദമ്പതികള്‍ക്ക് അനുകൂലമായി തീര്‍ന്നതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബൗള്‍ഡര്‍ 200,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയും ഇരുവര്‍ക്കും മാസ്‌റ്റേഴ്‌സ് ബിരുദങ്ങള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍, സര്‍വകലാശാലയില്‍ ഭാവിയില്‍ പഠനത്തിനോ തൊഴില്‍ അവസരങ്ങള്‍ക്കോ പ്രവേശനം ലഭിക്കില്ലെന്ന വ്യവസ്ഥയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: