പ്രതികൂല കാലാവസ്ഥ; ഗ‌ൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകി

Update: 2024-05-23 08:45 GMT

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വിസുകള്‍ വൈകി. കരിപ്പൂരില്‍ നിന്ന് അബുദബി, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

പ്രതികൂല കാലാവസ്ഥ കാരണം വൈകിയ അബുദബി വിമാനം 11.30ഓടെ പിന്നീട് പുറപ്പെട്ടു. ദോഹയില്‍ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോടു കൂടിയ മിതമായതോ ഇടത്തരം തീവ്രതയോടെയോ ഉള്ള മഴക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മെയ് 23 മുതല്‍ 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും, മെയ് 23 മുതല്‍ 25 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന് നല്‍കിയ അറിയിപ്പ്.

Tags:    

Similar News