ഉത്തര്‍പ്രദേശിലെ ചേരി പ്രദേശത്ത് വന്‍ തീപിടിത്തം; രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം
ലക്‌നോ: ഉത്തര്‍പ്രദേശിലെ വികാസ് നഗര്‍ പ്രദേശത്തെ ചേരി പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ബരാബങ്കി ജില്ലയിലെ കാശിപൂര്‍വ സ്വദേശികളുടെ മക്കളായ രണ്ടുവയസുകാരിയായ ശ്രുതിയും ശ്രുതിയുടെ രണ്ടു മാസം പ്രായമുള്ള സഹോദരിയുമാണ് മരിച്ചത്. തീപിടിത്തത്തില്‍ ചേരിയിലെ വീടുകളെല്ലാം കത്തി നശിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
തീപിടിത്തത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഡെപ്യൂട്ടി പോലിസ് കമീഷണര്‍ (ഈസ്റ്റ്) ദീക്ഷ ശര്‍മ്മ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും അഗ്‌നി സുരക്ഷാ ഓഡിറ്റ് നടക്കുകയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി പറഞ്ഞു. തീപിടിത്തത്തില്‍ 30 ലധികം എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായും ഇത് തീ പടരുന്നതിന്റെ തീവ്രത വര്‍ധിപ്പിക്കുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക 10 കിലോമീറ്റര്‍ അകലെ വരെ വ്യാപിച്ചു. ഇരുപതോളം ഫയര്‍ യൂണിറ്റുകളുടെ അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.