കൊച്ചി: കാക്കനാട് 22 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ ഡാന്‍സാഫിന്റെ പിടിയില്‍. കളമശേരി സ്വദേശി ഉനൈസ്, ആലപ്പുഴ ചിങ്ങോലി സ്വദേശിനി കല്യാണി എന്നിവരാണ് പിടിയിലായത്. സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കല്യാണി. 22 ഗ്രാം എംഡിഎംഎയും ത്രാസും ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകളും ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി ഡാന്‍സാഫ് ടീം ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയത്.
ഇടച്ചിറ വള്ളിയാത്ത് ഒരു ക്ഷേത്രത്തിനു സമീപമുള്ള പ്രൈം കസാഡല്‍ ഹോട്ടലില്‍ താമസിച്ചായിരുന്നു ഇരുവരുടെയും ലഹരിവില്‍പന. ഇവര്‍ താമസിച്ച ഫ്‌ലാറ്റിന്റെ അലമാരയില്‍ സൂക്ഷിച്ച ബാഗില്‍ മൂന്ന് സിപ്പ് ലോക്ക് കവറുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. ലഹരിവില്‍പന ലക്ഷ്യമിട്ട് ഡിജിറ്റല്‍ ത്രാസും കരുതിയിരുന്നു. ഇരുവരും പതിവായി ലഹരിയുപയോഗിച്ചിരുന്നു. മൂന്ന് ഫ്യൂമിങ് പൈപ്പുകളാണ് ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ ഇവരുടെ ഫ്‌ലാറ്റില്‍ ലഹരിയുപയോഗിക്കാന്‍ എത്തിയിരുന്നതായും വിവരമുണ്ട്.