അസമില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍

മൂന്നരക്കിലോ കഞ്ചാവാണ് പോലിസ് പിടികൂടിയത്

Update: 2025-10-01 09:44 GMT

കൊല്ലം: മൂന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. തേവനൂര്‍ സ്വദേശികളായ അഖില്‍, അഞ്ഞൂറാനെന്ന അഷ്റഫ് എന്നിവരെയാണ് കൊല്ലം റൂറല്‍ ഡാന്‍സാഫും ചടയമംഗലം പോലിസും ചേര്‍ന്ന് പിടികൂടിയത്. അസമില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവെത്തിച്ച പ്രതികള്‍ വര്‍ക്കലയില്‍ ഇറങ്ങി ബൈക്കില്‍ പോകുന്നതിനിടെയാണ് പോലിസ് സംഘം ഇവരെ പിടികൂടിയത്.

പോലിസ് പിടിയിലായ അഖില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒട്ടേറെ കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഒരുവര്‍ഷം മുന്‍പ് കൊല്ലം റൂറല്‍ പോലിസ് നാലു കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. കൊല്ലം ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പ്രതികളുടെ ലഹരിക്കച്ചവടമെന്ന് പോലിസ് പറഞ്ഞു. കൊല്ലം റൂറല്‍ എസ്പി വിഷ്ണു പ്രദീപിന്റെ നിര്‍ദേശപ്രകാരം ചടയമംഗലം ഇന്‍സ്പെക്ടര്‍ സുനീഷ്, കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.