കോവിഡ്കാല ആശ്വാസം കാത്തിരിക്കുന്നത് രണ്ടരലക്ഷം കര്‍ഷകര്‍

Update: 2025-09-02 06:03 GMT

കോട്ടയം: കോവിഡ് കാലത്തെ കാര്‍ഷിക കടാശ്വാസത്തില്‍ തീരുമാനമായില്ല. കര്‍ഷക സംഘടനകളുടെ കണക്കുപ്രകാരം രണ്ടരലക്ഷത്തോളം കര്‍ഷകരാണ് കോവിഡ്കാല തകര്‍ച്ചയില്‍ വായ്പ ലഭിക്കാനായി കാത്തിരിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളില്‍ 2020 ഓഗസ്റ്റ് 31 വരെയും മറ്റ് ജില്ലകളില്‍ 2016 ഓഗസ്റ്റ് 31 വരെയുമുള്ള കടങ്ങളാണ് നിലവില്‍ ആശ്വാസത്തിന് പരിഗണിക്കുന്നത്. രണ്ടുലക്ഷം രൂപ വരെ പ്രാഥമിക സംഘങ്ങളില്‍നിന്ന് വായ്പയെടുത്തവരുടെ അപേക്ഷകളാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. അപേക്ഷ അംഗീകരിച്ചാല്‍ വായ്പയില്‍ പാതി സംഘത്തിന് സര്‍ക്കാര്‍ നല്‍കും. ബാക്കി പാതി കൃഷിക്കാരനും അടയ്ക്കണം

ഇടുക്കി, വയനാട് ജില്ലകളില്‍ അഞ്ചുവര്‍ഷത്തെയും മറ്റ് ജില്ലകളില്‍ ഒന്‍പത് വര്‍ഷത്തെയും കടങ്ങളിലാണ് യഥാര്‍ഥത്തില്‍ ആശ്വാസം കിട്ടേണ്ടത്. ഈ കാലയളവിലെ അപേക്ഷാസമയം തീര്‍ന്നെങ്കിലും ഡിസംബര്‍ 31 വരെ നീട്ടി. ഇടുക്കിയില്‍ മുന്‍കാല സമയപരിധിയില്‍ മാത്രം 36,000 അപേക്ഷകള്‍ ഇനിയും തീര്‍പ്പുകാത്തിരിക്കുന്നു.കടാശ്വാസത്തിന് മുന്‍നിശ്ചയിച്ച കാലപരിധിയില്‍ അവസരം കിട്ടാത്തവരുണ്ടെന്ന ധാരണയിലാണ് വീണ്ടും അപേക്ഷ ക്ഷണിച്ചെങ്കിലും വലിയ പ്രതികരണമില്ല. സമയം അനുവദിച്ച് മൂന്നുമാസം പിന്നിട്ടെങ്കിലും 2215 പേരാണ് അപേക്ഷ നല്‍കിയത്. എല്ലാ ജില്ലകളിലും 2022 ഡിസംബര്‍ വരെയെങ്കിലുമുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

സമീപകാലത്ത് 747 കോടി രൂപയുടെ കടാശ്വാസം കമ്മിഷന്‍ അംഗീകരിച്ചതില്‍ 346 കോടി മാത്രമാണ് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. 401 കോടി ഇപ്പോഴും നല്‍കാനുണ്ടെന്നാണ് റിപോര്‍ട്ട്. വായ്പാവിഹിതത്തില്‍ പാതി സര്‍ക്കാരാണ് അടയ്ക്കാനുള്ളതെങ്കിലും കടം കൃഷിക്കാരന്റേതാണ്. സര്‍ക്കാര്‍ പങ്ക് ബാങ്കിന് കിട്ടുംവരെ വായ്പ എന്‍പിഎ വിഭാഗത്തിലാകും. അതുവരെ കൃഷിക്കാരന്റെ സിബില്‍ സ്‌കോര്‍ മോശമാകും എന്നതാണ് വസ്തുത. എന്നാല്‍ ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ പല സംഘങ്ങളും കൃഷിക്കാരെക്കൊണ്ട് മുഴുവന്‍ തുക അടപ്പിക്കുകയും സര്‍ക്കാര്‍ വിഹിതം കിട്ടുമ്പോള്‍ കൃഷിക്കാരനുള്ള വിഹിതം നല്‍കുകയുമാണ് ചെയ്യുന്നത്.

Tags: