ആലപ്പുഴ: രോഗിയായ അച്ഛനെ ക്രൂരമായി മര്‍ദിക്കുകയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്ത ഇരട്ടസഹോദരങ്ങളെ പട്ടണക്കാട് പോലിസ് അറസ്റ്റ് ചെയ്തു. പുതിയകാവ് ചന്ദ്രാനിവാസില്‍ അഖില്‍ചന്ദ്രന്‍ (30), നിഖില്‍ ചന്ദ്രന്‍ (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ അച്ഛനും കിടപ്പുരോഗിയുമായ ചന്ദ്രശേഖരന്‍ നായരാണ് (79) ക്രൂരമായ മര്‍ദനത്തിന് ഇരയായത്.
ഞായര്‍ രാത്രി 10.30നാണ് സംഭവം. കട്ടിലില്‍ കിടക്കുകയായിരുന്ന ചന്ദ്രശേഖരനെ അഖില്‍ കൈയില്‍ ധരിച്ചിരുന്ന സ്റ്റീല്‍ വളകൊണ്ട് തലയ്ക്ക് പിന്നില്‍ അടിക്കുന്നതും ചലിക്കാന്‍ കഴിയാത്ത രീതിയില്‍ ഇരുകൈയും തിരിക്കുന്നതും കഴുത്തില്‍ കുത്തിപ്പിടിച്ച് വേദനിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. അച്ഛനെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അതില്‍നിന്ന് പിന്തിരിപ്പിക്കാതെ വീഡിയോ എടുക്കുകയായിരുന്നു നിഖില്‍. ഇരുവരുടെയും മൂത്ത സഹോദരനായ പ്രവീണ്‍ചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കേസ്.