ടിവികെ റാലിക്ക് പുതുച്ചേരിയിലും അനുമതിയില്ല

Update: 2025-11-30 04:18 GMT

ചെന്നൈ: പുതുച്ചേരിയില്‍ റാലി നടത്താനുള്ള തമിഴക വെട്രി കഴകം(ടിവികെ)നേതാവ് വിജയ്യുടെ നീക്കത്തിന് തിരിച്ചടി. ഡിസംബര്‍ അഞ്ചിന് പുതുച്ചേരിയില്‍ റോഡ് ഷോ നടത്താന്‍ അനുമതി തേടിക്കൊണ്ട് ടിവികെ നല്‍കിയ അപേക്ഷ പുതുച്ചേരി പോലിസ് മേധാവി തള്ളി. പുതുച്ചേരിയില്‍ ടിവികെ നടത്തുന്ന റാലിക്ക് തമിഴ്നാട്ടിലെ വിഴുപുരം, കടലൂര്‍, തിരുവണ്ണാമല എന്നിവിടങ്ങളില്‍നിന്ന് ആളുകളെത്താന്‍ സാധ്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലിസ് അനുമതി നിഷേധിച്ചത്. കരൂര്‍ ദുരന്തം കണക്കിലെടുത്ത് ടിവികെ റാലിക്ക് അനുമതി നല്‍കരുതെന്നു കാണിച്ച് പെരിയാര്‍ ദ്രാവിഡര്‍ കഴകം എന്ന സംഘടന പോലിസിനെ സമീപിച്ചിരുന്നു. റാലികള്‍ക്ക് അനുമതി തേടി ടിവികെ നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു.

സെപ്റ്റംബര്‍ 27ന് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികള്‍ നടത്തിയിട്ടില്ല. ഡിസംബര്‍ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികള്‍ പുനരാരംഭിക്കാനായിരുന്നു പാര്‍ട്ടിയുടെ നീക്കം. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് തമിഴ്നാട് പോലിസ് അനുമതി നല്‍കിയില്ല. വേറേ തീയതി കണ്ടെത്തണമെന്നും ചുരുങ്ങിയത് ഒരുമാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും പോലിസ് ആവശ്യപ്പെട്ടു.

ഡിസംബര്‍ അഞ്ചിന് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചുവരെ പുതുച്ചേരിയില്‍ റോഡ് ഷോ നടത്താനാണ് ടിവികെ ഉദ്ദേശിച്ചിരുന്നത്. കാലാപേട്ടില്‍ നിന്ന് തുടങ്ങി അജന്ത സിഗ്‌നല്‍, ഉപ്പളം വാട്ടര്‍ ടാങ്ക്, അരിയങ്കുപ്പം, കന്നിക്കോയില്‍ വഴിയായിരിക്കും യാത്രയെന്ന് അപേക്ഷയില്‍ പറഞ്ഞിരുന്നു. പ്രധാന പൊതുയോഗം ഉപ്പളം-സോനംപാളയം വാട്ടര്‍ ടാങ്കിനു സമീപത്തു നടത്താനായിരുന്നു ആലോചന. ഒക്ടോബറില്‍ പുതുച്ചേരിയില്‍ റാലി നടത്താന്‍ ടിവികെ പദ്ധതിയിട്ടിരുന്നെങ്കിലും കരൂര്‍ ദുരന്തം കാരണം അത് മാറ്റിവെക്കുകയായിരുന്നു. കരൂര്‍ ദുരന്തം കാരണം നിലച്ചുപോയ പാര്‍ട്ടി പ്രവര്‍ത്തനം വരുംമാസങ്ങളില്‍ പുനരാരംഭിക്കാനായിരുന്നു ടിവികെയുടെ നീക്കം. കരൂര്‍ ദുരന്തത്തിനുശേഷം ക്ഷണിക്കപ്പെട്ട പ്രവര്‍ത്തകരെ മാത്രം പങ്കെടുപ്പിച്ച് കാഞ്ചീപുരത്തു മാത്രമാണ് വിജയ് പൊതുയോഗത്തില്‍ പങ്കെടുത്തത്.

Tags: