എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് ടിവികെ

Update: 2025-11-24 09:53 GMT

ന്യുഡല്‍ഹി: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച എസ്‌ഐആറിനെതിരേ സുപ്രിംകോടതിയെ സമീപിച്ച് നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). ആര്‍ട്ടിക്കിള്‍ 14, 19, 21, 325, 326 പ്രകാരമുള്ള ഭരണഘടനാ സംരക്ഷണങ്ങളുടെ ഗുരുതരമായ ലംഘനമാണ് എസ്‌ഐആര്‍ എന്നു പറഞ്ഞാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. പ്രാതിനിധ്യത്തിന്റെ സെക്ഷന്‍ 21, 23 പ്രകാരമുള്ള നിയമപരമായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.

രേഖകള്‍ തെളിവായി നല്‍കേണ്ട സാഹചര്യം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെ ബാധിക്കുകയാണെന്നും എസ്‌ഐആര്‍ പ്രഖ്യാപിച്ചത് വോട്ടര്‍മാരോടും രാഷ്ട്രീയപ്പാര്‍ട്ടികളോടും കൂടിയാലോചിക്കാതെയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ എസ്‌ഐആറിനെതിരേ ഡിഎംകെ, സിപിഎം, കോണ്‍ഗ്രസ്, തോള്‍ തിരുമാവളവന്‍ എംപി തുടങ്ങിയ കക്ഷികളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. എസ്‌ഐആര്‍ ഹരജികള്‍ നവംബര്‍ 26നു കോടതി പരിഗണിക്കും.

Tags: